അപകടസാധ്യതകളും കുത്തനെയുള്ള കയറ്റിറക്കങ്ങളും നിറഞ്ഞ ബെംഗളൂരു-മംഗളൂരു ഘട്ട് പാതയിൽ വന്ദേഭാരത് എക്സ്പ്രസിൻ്റെ പരീക്ഷണ ഓട്ടം നടത്തി. ബാങ്കർ എൻജിനുകളുടെ സഹായമില്ലാതെ പശ്ചിമഘട്ടത്തിലെ ദുർഘട പാത താണ്ടിയാണ് വന്ദേഭാരത് പുതിയ പരീക്ഷണം നടത്തിയത്.

സക്ലേശ്പുരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള പശ്ചിമഘട്ടത്തിലെ ഏകദേശം 55 കിലോമീറ്റർ പാതയാണ് പരീക്ഷണ ഓട്ടത്തിനായി തെരഞ്ഞെടുത്തത്. 57 തുരങ്കങ്ങളും 226ലേറെ പാലങ്ങളും 108 വളവുകളും ഉൾപ്പെടുന്ന ഈ പാതയിൽ കുത്തനെയുള്ള കയറ്റിറക്കങ്ങളാണ് ട്രെയിൻ ഗതാഗതത്തിന് പ്രധാന വെല്ലുവിളി.

നിലവിൽ ഈ പാതയിലൂടെ സർവീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനുകൾക്കും ചരക്ക് ട്രെയിനുകൾക്കും കുത്തനെയുള്ള മലകയറ്റം മറികടക്കാൻ മുന്നിലെ എൻജിനുപുറമെ പിന്നിൽ നിന്ന് തള്ളുന്നതിനായി പ്രത്യേക ബാങ്കർ ലോക്കോമോട്ടീവുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ വന്ദേഭാരതിൻ്റെ പരീക്ഷണ ഓട്ടത്തിൽ ബാങ്കർ എൻജിൻ്റെ സഹായം ആവശ്യമായി വന്നില്ല.

അത്യാധുനിക ബ്രേക്കിങ് സംവിധാനങ്ങളാണ് ദുർഘടമായ പാതയിലൂടെ വന്ദേഭാരതിൻ്റെ സുരക്ഷിത യാത്രയ്ക്ക് പ്രധാനമായും സഹായകമായത്.

ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പ്രത്യേകമായി സജ്ജമാക്കിയ ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ് സംവിധാനമുള്ള 20 കോച്ചുകളടങ്ങിയ റേക്ക് ആണ് പരീക്ഷണ ഓട്ടത്തിനായി ഉപയോഗിക്കുന്നത്.

സക്ലേശ്പുരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള ഭാഗത്ത് വന്ദേഭാരതിന് പരമാവധി 30 കിലോമീറ്റർ വേഗപരിധി നിശ്ചയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20 വരെയാണ് പരീക്ഷണ ഓട്ടം തുടരുക.

പശ്ചിമഘട്ടത്തിൻ്റെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഈ 55 കിലോമീറ്റർ പാതയിൽ 1:50 എന്ന കുത്തനെയുള്ള ഗ്രേഡിയന്റും ട്രെയിൻ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പരീക്ഷണ ഓട്ടം വിജയകരമായാൽ ബെംഗളൂരു-മംഗളൂരു റൂട്ടിലെ വന്ദേഭാരത് സർവീസിന് പുതിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷ.

Related Posts