ഫുക്കെറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന് 300 അടി ഉയരം പെട്ടെന്ന് നഷ്ടപ്പെട്ട സംഭവത്തിൽ പൈലറ്റിൻ്റെ മൊഴി പുറത്തുവന്നു. വിമാനത്തിലായിരിക്കെ അൽപനേരം ഉറങ്ങിപ്പോയിരുന്നുവെന്ന് പൈലറ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റ് നാലിനായിരുന്നു AI2379 വിമാനത്തിൽ സംഭവം. 137 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്ന വിമാനം ക്രൂയിസ് ഘട്ടത്തിൽ പെട്ടെന്ന് 300 അടി താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ നിരവധി യാത്രക്കാർക്കും ജീവനക്കാർക്കും പരുക്കേറ്റു.

കഴിഞ്ഞ ദിവസങ്ങളായി ഉറക്കക്കുറവ് അനുഭവപ്പെട്ടിരുന്നെന്നും കുടുംബ ഡോക്ടർ നിർദേശിച്ച മരുന്ന് കഴിച്ചിരുന്നെന്നും പൈലറ്റ് മൊഴി നൽകിയതായാണ് വിവരം. ഫുക്കെറ്റിലെ ലേ ഓവർ സമയത്തും വ്യക്തിപരമായ കാരണങ്ങളാൽ ശരിയായി ഉറങ്ങാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

അതേസമയം, സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ പൈലറ്റിൻ്റെ രണ്ടാമത്തെ ഡ്രഗ് ടെസ്റ്റിലും കഞ്ചാവ് ഉപയോഗത്തിൻ്റെ സൂചന ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. പൈലറ്റിനെയും സഹപൈലറ്റിനെയും അന്വേഷണത്തിൻ്റെ ഭാഗമായി ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. വിമാനം പെട്ടെന്ന് താഴേക്ക് പോയതിൻ്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അന്വേഷണം നടത്തിവരികയാണ്; എയർബസിൻ്റെ സാങ്കേതിക സംഘവും അന്വേഷണത്തെ സഹായിക്കുന്നുണ്ട്.

വിമാനയാത്രാ സുരക്ഷ സംബന്ധിച്ച് സംഭവം ഗുരുതരമായ ആശങ്കകൾ ഉയർത്തിയ സാഹചര്യത്തിൽ, വ്യോമയാന സുരക്ഷയ്ക്ക് ഏറ്റവും ഉയർന്ന പരിഗണന നൽകുന്നതായി സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കിയിട്ടുണ്ട്.

Related Posts