ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകൾ അന്വേഷിച്ച കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. മുൻ കായികമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായി റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് വിവരം.

അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ സമഗ്രമായ തുടർ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സ്പോൺസറായി റിപ്പോർട്ടർ കമ്പനിയെ തെരഞ്ഞെടുത്തത് മുതൽ സ്റ്റേഡിയം കൈമാറ്റം വരെയുള്ള വിവിധ നടപടികളിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

ഇടപാടുകൾ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടവും ബാധ്യതകളും ഉണ്ടാക്കിയെന്നും ഇത് കായികരംഗത്ത് കേരളത്തിന്റെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ കരാർ തർക്കങ്ങളിൽ സംസ്ഥാന സർക്കാരിനെ കക്ഷിയാക്കിയതും കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് സാഹചര്യമൊരുക്കിയതും ഭരണ സംവിധാനത്തിന് തിരിച്ചടിയായെന്നും റിപ്പോർട്ടിലുണ്ട്.

അതേസമയം, മെസിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അന്നത്തെ കായികമന്ത്രി കൂടുതൽ വ്യക്തത നൽകുമെന്നും ഔദ്യോഗികമായി തനിക്ക് കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

എന്നാൽ, അന്വേഷണ റിപ്പോർട്ടിലെ പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടായിട്ടില്ലെന്ന വാദം കൂടുതൽ ചോദ്യം ചെയ്യപ്പെടുകയാണ്. മന്ത്രിസഭാ യോഗത്തിലെ ചർച്ചയ്ക്ക് ശേഷം വിഷയത്തിൽ സർക്കാർ സ്വീകരിക്കുന്ന തുടർനടപടികൾ നിർണായകമാകും.

Related Posts