നിർദിഷ്ട ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ. പദ്ധതിക്കായി കൃഷിഭൂമി ഏറ്റെടുക്കുന്നത് ആയിരക്കണക്കിന് കർഷകരുടെ ജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ആരോപിച്ചു. ബിഡദി ഹോബ്ലിയിലെ എട്ട് ഗ്രാമങ്ങളും ഹരോഹള്ളി ഹോബ്ലിയിലെ ഒരു ഗ്രാമത്തിൻ്റെ ഭാഗവും ഉൾപ്പെടെ 7,481 ഏക്കറും 21 ഗുണ്ടയും ഏറ്റെടുക്കാനാണ് സർക്കാർ നീക്കം. വലിയ തോതിലുള്ള ഭൂമിയേറ്റെടുക്കൽ ചെറുകിട, നാമമാത്ര കർഷകരെ നേരിട്ട് ബാധിക്കുമെന്ന് ദേവഗൗഡ ചൂണ്ടിക്കാട്ടി.

സർക്കാർ രേഖകൾ പ്രകാരം പദ്ധതിയുടെ ഭാഗമായി ബാധിക്കപ്പെടുന്ന 10,580 ഭൂവുടമകളിൽ 82 ശതമാനം പേരും ഒരേക്കറിൽ താഴെ ഭൂമിയുള്ളവരാണ്. ഏകദേശം 2,555 കർഷകർക്ക് അഞ്ച് ഗുണ്ടയിൽ താഴെ മാത്രമാണ് ഭൂമിയുള്ളതെന്നും ദേവഗൗഡ പറഞ്ഞു. കൃഷിക്കൊപ്പം ക്ഷീരമേഖല, ഹോർട്ടികൾച്ചർ, പട്ടുനൂൽ കൃഷി തുടങ്ങിയ അനുബന്ധ തൊഴിലുകളെയും ഭൂമിയേറ്റെടുക്കൽ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഡദി മേഖലയിലെ ഗ്രാമങ്ങൾ ബെംഗളൂരുവിൻ്റെ ക്ഷീരവിതരണ ശൃംഖലയിലും പ്രധാന പങ്ക് വഹിക്കുന്നതായി ദേവഗൗഡ ചൂണ്ടിക്കാട്ടി. പ്രതിദിനം ഏകദേശം 50,000 ലിറ്റർ പാൽ ഈ മേഖലയിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും പ്രതിമാസം ആറ് മുതൽ ഏഴ് ലക്ഷം ലിറ്റർ വരെ ബെംഗളൂരു ഡയറിയിലേക്ക് എത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ മേഖലയിലെ ഭൂമിയേറ്റെടുക്കൽ ക്ഷീരമേഖലയെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി ബൈരമംഗല തടാകത്തിൻ്റെ പരിസ്ഥിതിക്ക് കൂടുതൽ സമ്മർദമുണ്ടാക്കുമെന്നും ദേവഗൗഡ ആരോപിച്ചു. ഇതിനകം മലിനീകരണം നേരിടുന്ന തടാകത്തിന് സമീപം വൻ ടൗൺഷിപ്പ് സ്ഥാപിക്കുന്നത് പ്രദേശത്തെ പരിസ്ഥിതിയെ കൂടുതൽ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പദ്ധതിയുടെ ഭാഗമായി ഏകദേശം രണ്ട് ലക്ഷം മരങ്ങൾ മുറിക്കേണ്ടിവരുമെന്ന ആശങ്കയും അദ്ദേഹം ഉന്നയിച്ചു.

നിലവിൽ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റിയുടെ വിവിധ ലേഔട്ടുകളിൽ നിരവധി റെസിഡൻഷ്യൽ സൈറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ പുതിയ ടൗൺഷിപ്പ് പദ്ധതിയുടെ ആവശ്യകത എന്താണെന്നും ദേവഗൗഡ ചോദിച്ചു.

ബിഡദി ടൗൺഷിപ്പിനെതിരെ കർഷകർ ദീർഘകാലമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ദേവഗൗഡയുടെ വിമർശനം. ഭൂമിയേറ്റെടുക്കൽ നടപടികൾ പിൻവലിക്കണമെന്നും കർഷകർക്കെതിരായ കേസുകൾ ഒഴിവാക്കണമെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സർക്കാർ നിലപാട് പുനഃപരിശോധിച്ചില്ലെങ്കിൽ കർഷകർക്കൊപ്പം സത്യാഗ്രഹം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ നടപടികളെക്കുറിച്ച് നിയമപരമായ ആശങ്കകളും ഉയർന്നിട്ടുണ്ട്. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി. ഗോപാല ഗൗഡയുടെ നേതൃത്വത്തിലുള്ള സമിതി ഭൂമിയേറ്റെടുക്കൽ നടപടിയെ ചോദ്യം ചെയ്ത റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. കർഷകർ ഭൂമിയേറ്റെടുക്കൽ വിജ്ഞാപനങ്ങൾ പിൻവലിച്ച് പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഡദി ടൗൺഷിപ്പ് പദ്ധതിയെ ചൊല്ലി കർഷക സംഘടനകളും പ്രതിപക്ഷവും സർക്കാരിനെതിരെ നിലപാട് ശക്തമാക്കുന്നതിനിടെ, വിഷയത്തിൽ കർണാടക സർക്കാരിൻ്റെ അടുത്ത നീക്കം നിർണായകമാകും.

Related Posts