ചിക്കബാനവാര കേന്ദ്രീകരിച്ച് പുതുതായി രൂപീകരിച്ച സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനവും കുടുംബസംഗമവും ആചാര്യ കോളേജ് റോഡിലെ ഐശ്വര്യ പാർട്ടി ഹാളിൽ നടന്നു.

ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീജേഷ്.പി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സജിത്ത് നമ്പ്യാർ അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് സഹായമെത്തിക്കുന്നതിനും സാംസ്കാരിക കൂട്ടായ്മകൾക്ക് വേദിയൊരുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രസിഡണ്ട് സജിത്ത് നമ്പ്യാർ അറിയിച്ചു. കുടുംബബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ബെംഗളൂരുവിലെ മലയാളി സമൂഹത്തിൽ പരസ്പര സഹകരണവും സൗഹൃദവും വളർത്തുന്നതിനും ഇത്തരം കൂട്ടായ്മകൾ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ ജയപ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. നോർക്ക നൽകുന്ന സേവനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അധ്യാപകനും പ്രഭാഷകനുമായ ബിജു കാവിൽ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യപ്രവർത്തകൻ മൊയ്‌തു മണിയൂരിനെ ചടങ്ങിൽ ആദരിച്ചു. ടോമി ജെ. ആലുങ്കൽ, പിന്നണി ഗായിക ശ്രീലക്ഷ്മി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ട്രഷറർ കിരൺ ലാൽ നന്ദി പറഞ്ഞു.

കുടുംബസംഗമത്തിൻ്റെ ഭാഗമായി മീനാക്ഷി സ്കൂൾ ഓഫ് ആർട്സിലെയും സ്മൈൽ കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ കലാപരിപാടികളിൽ പങ്കെടുത്തു.

ഉച്ചഭക്ഷണത്തിനുശേഷം റിഥം മ്യൂസിക് കണ്ണൂർ അവതരിപ്പിച്ച ഗാനമേളയും നടന്നു. കുടുംബസംഗമം അംഗങ്ങൾ തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വേദിയായി മാറി.

smile5

Related Posts