എയർ ഇന്ത്യ വിമാനത്തിലെ ആകാശച്ചുഴി സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റുമാരിൽ ഒരാളുടെ ഡ്രഗ് ടെസ്റ്റ് ഫലം പോസിറ്റീവായതായി റിപ്പോർട്ട്. എന്നാൽ മറ്റൊരു പരിശോധനാഫലം കൂടി ലഭിക്കാനുള്ളതിനാൽ നിലവിലെ ഫലം അന്തിമമായി കണക്കാക്കാനാകില്ല. സംഭവത്തിൽ എയർ ഇന്ത്യ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

പരിശോധന നടത്തിയെങ്കിലും ഫലം തങ്ങളുമായി പങ്കുവച്ചിട്ടില്ലെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടരുകയാണ്.

തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് 145 യാത്രക്കാരുമായി ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എഐ 2379 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. വിമാനം പെട്ടെന്ന് ഏകദേശം 300 അടി താഴേക്ക് പതിച്ചതോടെ സീറ്റ് ബെൽറ്റ് ധരിക്കാതിരുന്ന യാത്രക്കാർ വിമാനത്തിൻ്റെ മേൽത്തട്ടിൽ ഇടിച്ചുവീഴുകയായിരുന്നു. വിമാനത്തിനുള്ളിലെ ബാഗുകളും മറ്റ് സാധനങ്ങളും ചിതറിത്തെറിക്കുകയും ചെയ്തു.

സംഭവത്തിൽ നാല് ജീവനക്കാരുൾപ്പെടെ 17 പേർക്ക് പരിക്കേറ്റു. ചില യാത്രക്കാർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സീറ്റ് ബെൽറ്റ് സൈൻ ഓഫായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി ശക്തമായ ആഘാതമുണ്ടായതെന്ന് യാത്രക്കാർ പറഞ്ഞു. വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറങ്ങിയതിന് പിന്നാലെ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സിവിൽ ഏവിയേഷൻ ചട്ടങ്ങളുടെ ഭാഗമായി ക്രൂ അംഗങ്ങൾക്ക് ലഹരി പരിശോധന നടത്താറുണ്ട്. സംഭവത്തിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി പൈലറ്റുമാരെ നേരത്തെ തന്നെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.

പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചാൽ പൈലറ്റുമാർക്ക് ജോലിയിൽ തിരിച്ചെത്താനാകും. പോസിറ്റീവ് ഫലം സ്ഥിരീകരിക്കുകയാണെങ്കിൽ ഡിജിസിഎ ചട്ടങ്ങൾ പ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കും.

Related Posts