റീൽസ് ഉൾപ്പെടെയുള്ള ചിത്രീകരണങ്ങൾ നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വം വകുപ്പ്. സെപ്റ്റംബർ ഒന്നുമുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.

ക്ഷേത്രത്തിനുള്ളിൽ ഫോട്ടോ എടുക്കുന്നതിനും ദേവതകളുടെ വീഡിയോ ചിത്രീകരിക്കുന്നതിനും ക്ഷേത്രപരിസരത്ത് റീൽസ് ഉൾപ്പെടെയുള്ള ചിത്രീകരണങ്ങൾ നടത്തുന്നതിനും വിലക്കുണ്ടാകും. വിഐപികളോ സിനിമാ താരങ്ങളോ ഉൾപ്പെടെ ആരും ക്ഷേത്രത്തിനുള്ളിൽ ഫോട്ടോയും വീഡിയോയും എടുക്കാൻ പാടില്ല എന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.

ഭക്തർക്ക് മൊബൈൽ ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ക്ഷേത്ര പ്രവേശന കവാടങ്ങളിൽ ക്ലോക്ക് റൂം സൗകര്യം ഒരുക്കും. ഒരു മൊബൈൽ ഫോണിന് അഞ്ച് രൂപ വീതം ഫീസ് ഈടാക്കും. ഫോൺ ഏൽപ്പിക്കുന്നവർക്ക് ഇന്റഗ്രേറ്റഡ് ടെംപിൾ മാനേജ്മെന്റ് സിസ്റ്റം വഴി രസീത് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്ന ക്ലോക്ക് റൂമുകളിൽ സിസിടിവി ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണമെന്നും ദേവസ്വം വകുപ്പ് നിർദേശിച്ചു. ക്ഷേത്രങ്ങളുടെ പവിത്രതയും ഭക്തരുടെ ആരാധനാ അന്തരീക്ഷവും സംരക്ഷിക്കുന്നതിനൊപ്പം സോഷ്യൽ മീഡിയയ്ക്കായുള്ള അനധികൃത ചിത്രീകരണങ്ങൾ തടയുകയുമാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം.

Related Posts