കശ്മീരിർ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ കൂടുതൽ നടപടികളുമായി ഇന്ത്യ. പാകിസ്താൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ വിസകളും റദ്ദാക്കി. ചികിത്സക്കായി ഇന്ത്യയിലെത്തിയ പാകിസ്താനികൾക്ക് നൽകിയ മെഡിക്കൽ വിസകൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്. ആർക്കും പുതുതായി വിസ അനുവദിക്കില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ഏപ്രിൽ 29നകം മെഡിക്കൽ വിസയിലെത്തിയവർ രാജ്യം വിടണം. അല്ലാത്തവർക്ക് 27 വരെ മാത്രമാണ് രാജ്യത്ത് തുടരാനാവുക. വിസക്കായുള്ള എല്ലാ അപേക്ഷകളും നിരസിക്കും. എല്ലാ പാകിസ്താൻ പൗരന്മാരും വിസ റദ്ദാകുന്ന തീയതിക്കുള്ളിൽ രാജ്യം വിടണമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.
പാകിസ്താനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രയും ഒഴിവാക്കാനും പാകിസ്താനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം തിരികെ എത്താനും നിർദേശം നൽകി. 72 മണിക്കൂറിനുള്ളിൽ ഇന്ത്യയിലുള്ള പാകിസ്താനികൾ രാജ്യം വിടണം.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് പാകിസ്താനെതിരെ കടുത്ത നടപടികൾ പ്രഖ്യാപിച്ചത്.
പതിറ്റാണ്ടുകളായി പാകിസ്താനുമായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കാനും പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കാനും തീരുമാനിച്ചിരുന്നു. അട്ടാരിയിലെ ഇൻ്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപുട്ടും.
88u ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമ്മീഷനിലെ സൈനിക, പ്രതിരോധ, വ്യോമ, നാവിക ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും. ഈ തസ്തികകൾ റദ്ദാക്കപ്പെട്ടതായി കണക്കാക്കും.