നമ്മ മെട്രോയുടെ ഗ്രീൻ ലൈനിൽ സർവീസ് ആരംഭിക്കാനിരിക്കുന്ന പുതിയ ട്രെയിനുകളുടെ സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. മാതവാര–യശ്വന്തപുര ഇടനാഴിയിലാണ് റെയിൽവേ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നത്. കൊൽക്കത്തയിലെ ടിറ്റാഗഢ് റെയിൽ സിസ്റ്റംസ് നിർമിച്ച ആറ് കോച്ചുകൾ വീതമുള്ള 21 പുതിയ ട്രെയിനുകളാണ് മാതവാര–സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഗ്രീൻ ലൈനിൽ ഈ വർഷം സർവീസ് ആരംഭിക്കുക. ഇതിൽ മൂന്ന് ട്രെയിൻ സെറ്റുകൾ ഇതിനകം ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന് (BMRCL) കൈമാറിയിട്ടുണ്ട്.

നിലവിൽ ഗ്രീൻ ലൈനിൽ 24 ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. പുതിയ ട്രെയിനുകൾ കൂടി എത്തുന്നതോടെ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, ചല്ലഘട്ട–വൈറ്റ്ഫീൽഡ് പർപ്പിൾ ലൈനിൽ 33 ട്രെയിനുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. പുതിയ ട്രെയിനുകളുടെ സുരക്ഷാ പരിശോധന പൂർത്തിയാക്കി ആവശ്യമായ അനുമതികൾ ലഭിക്കുന്നതോടെ ഗ്രീൻ ലൈനിലെ സർവീസ് കൂടുതൽ ശക്തമാകും.

Related Posts