കർണാടക ഹൗസിംഗ് ബോർഡ് (KHB) ഉൾപ്പെടെയുള്ള സർക്കാർ ഭവന പദ്ധതികളിലൂടെ അനുവദിച്ച പ്ലോട്ടുകളിൽ അഞ്ച് വർഷത്തിനകം വീട് നിർമിക്കാത്തവരിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കുമെന്ന് മുഖ്യമന്ത്രിയും നഗരവികസന മന്ത്രിയുമായ ഡി.കെ.ശിവകുമാർ വ്യക്തമാക്കി.
സർക്കാർ പ്ലോട്ടുകൾ നിക്ഷേപ ആവശ്യങ്ങൾക്കായി വാങ്ങി വർഷങ്ങളോളം ഒഴിച്ചിടുന്ന പ്രവണത അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ഭൂമിയുടെ പ്രയോജനം ലഭിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരങ്ങളിൽ ഭവനക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ ഭൂമി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനാണ് പുതിയ നയം നടപ്പാക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ നിർമാണം ആരംഭിക്കുകയോ പൂർത്തിയാക്കുകയോ ചെയ്യാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് പ്ലോട്ട് സർക്കാർ ഏറ്റെടുക്കുമെന്നും ഡി.കെ. ശിവകുമാർ അറിയിച്ചു.
ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും സർക്കാർ വ്യക്തമാക്കി. പുതിയ തീരുമാനം ഭവനപദ്ധതികളിലെ സുതാര്യതയും ഭൂമിയുടെ കാര്യക്ഷമമായ വിനിയോഗവും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.