തുരങ്കപ്പാത പദ്ധതിയിൽ നിന്ന് ലാൽബാഗിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകരും വോക്കേഴ്സ് അസോസിയേഷനും വിവിധ സാമൂഹിക സംഘടനകളും ചേർന്ന് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. ലാൽബാഗിൻ്റെ പാറക്കെട്ട് പ്രദേശത്ത് നടന്ന പ്രതിഷേധത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
ഹെബ്ബാൾ–സിൽക്ക് ബോർഡ് തുരങ്കപ്പാതയുടെ നിർദിഷ്ട പാത ലാൽബാഗിലൂടെ കടന്നുപോകുന്നത് ഉദ്യാനത്തിൻ്റെ ജൈവവൈവിധ്യത്തിനും പൈതൃക മൂല്യത്തിനും ഗുരുതര ഭീഷണിയാകുമെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങളും അപൂർവ സസ്യജാലങ്ങളും സംരക്ഷിക്കാൻ പദ്ധതി പുനഃപരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
ലാൽബാഗിനെ തുരങ്കപ്പാത പദ്ധതിയിൽ നിന്ന് പൂർണമായും ഒഴിവാക്കി പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത ബദൽ മാർഗം കണ്ടെത്തണമെന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ജനങ്ങളുടെ ആശങ്കകൾ പരിഗണിച്ച് സർക്കാർ പദ്ധതി പുനഃപരിശോധിക്കണമെന്ന് പരിസ്ഥിതി സംഘടനകൾ ആവശ്യപ്പെട്ടു.