സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ സർക്കാർ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. റവന്യൂ മന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും വിവിധ ജില്ലാ കലക്ടർമാരുമായും സ്ഥിതിഗതികൾ വിലയിരുത്തിയതായി അദ്ദേഹം വ്യക്തമാക്കി.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്നും, രാവിലെ 11 മണിക്ക് ജില്ലാ കലക്ടർമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. എൻഡിആർഎഫ്, പൊലീസ്, അഗ്നിരക്ഷാസേന എന്നിവയെ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാക്കിയിട്ടുണ്ടെന്നും, ദുരിതബാധിതർക്കുള്ള ചികിത്സയും പുനരധിവാസ നടപടികളും വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതിശക്തമായ മഴയിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിച്ചു. പത്തനംതിട്ടയിലെ പയ്യാനിത്തോട്ടത്ത് ഒരാളെ കാണാതായതിനാൽ തിരച്ചിൽ തുടരുകയാണ്.

റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പമ്പ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ നിരവധി വീടുകളിൽ വെള്ളം കയറി. ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ ഡിങ്കി ബോട്ടുകൾ സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.

Related Posts