പിഎം ശ്രീ പദ്ധതിയിൽ തുടരണമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി നിലപാട് തിരുത്തി. പദ്ധതിയിൽ തുടരണം എന്ന് താൻ പറഞ്ഞിട്ടില്ലെന്നും, വിഷയം യുഡിഎഫിൽ ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎം ശ്രീ പദ്ധതിയിൽ തുടരണോ പിന്മാറണോ എന്ന കാര്യത്തിൽ മന്ത്രിമാരുടെ ഉപസമിതി സമർപ്പിക്കുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും അടൂർ പ്രകാശ് പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയിൽ വൈരുദ്ധ്യമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനാണ് ആലോചന എന്നായിരുന്നു മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് യോഗത്തിൽ അന്തിമ തീരുമാനമൊന്നും ഉണ്ടായിട്ടില്ലെന്നും, ഉപസമിതി റിപ്പോർട്ട് വരുംമുമ്പ് പദ്ധതിയിൽ തുടരുമെന്ന് പ്രഖ്യാപിച്ചത് എങ്ങനെയാണെന്നാണ് ലീഗ് നേതൃത്വത്തിൻ്റെ ചോദ്യം.

ഫോർവേഡ് ബ്ലോക്ക് നേതാവ് ദേവരാജൻ ചില അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നെങ്കിലും മുഖ്യമന്ത്രി അന്തിമ നിലപാട് വ്യക്തമാക്കിയിരുന്നില്ലെന്നും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി. ഇതോടെയാണ് പിഎം ശ്രീ പദ്ധതിയെ ചൊല്ലി യുഡിഎഫിനുള്ളിൽ അഭിപ്രായവ്യത്യാസം പരസ്യമായത്.

Related Posts