കേരള സമാജം(ആർ) കർണാടകയുടെ ഈസ്റ്റ് ഡിവിഷൻ സംഘടിപ്പിക്കുന്ന ‘നമ്മ പൊന്നോണം 2026’ വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 27-ന് വൈറ്റ്ഫീൽഡിലെ ശ്രീ സായി പാലസ് & കൺവെൻഷൻ സെൻററിൽ നടക്കും. ഓണാഘോഷത്തിൻ്റെ ഭാഗമായി ഓണച്ചന്ത, ഗൃഹാങ്കണ പൂക്കള മത്സരം, പുലിക്കളി, മാവേലി സന്ദർശനം എന്നിവ ഉൾപ്പെടെ നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.


ഓണാഘോഷത്തിന് മുന്നോടിയായി ‘ഓണച്ചന്ത’ ഓഗസ്റ്റ് 22 മുതൽ 25 വരെ വൈറ്റ്ഫീൽഡിലെ ഇമ്മദിഹള്ളിയിലെ കേരള സമാജം ഹാളിൽ നടക്കും. കേരളത്തിൻ്റെ തനതായ ഭക്ഷ്യവസ്തുക്കൾ, ഓണസാധനങ്ങൾ, വിവിധ ഉൽപ്പന്നങ്ങൾ എന്നിവ ഓണച്ചന്തയിൽ ലഭ്യമാകും. വാഹന പാർക്കിംഗിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

തിരുവോണ ദിനത്തിൽ വീടുകളിലും അപ്പാർട്മെന്റുകളിലും സന്ദർശനം നടത്തി ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറം പകരാനാണ് പരിപാടി. പുലിക്കളിയുടെ തനത് ശൈലിയുമായി തൃശൂരിൽ നിന്നുള്ള 10 അംഗ സംഘമാണ് ചുവടുവെയ്ക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന വീടുകൾ സന്ദർശിച്ച് ഓണത്തിൻ്റെ ആവേശം പങ്കിടുന്നതോടൊപ്പം മാവേലിയും പുലികളും ആഘോഷങ്ങളിൽ പങ്കുചേരും.

തിരുവോണ ദിനമായ ഓഗസ്റ്റ് 26-ന് ഗൃഹാങ്കണ പൂക്കള മത്സരവും സംഘടിപ്പിക്കും. അപ്പാർട്ട്മെന്റുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വില്ല കമ്മ്യൂണിറ്റികൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, വ്യക്തിഗത വീടുകൾ എന്നിവിടങ്ങളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന പൂക്കളങ്ങൾ സംഘം നേരിട്ടെത്തി വിലയിരുത്തും. ചെണ്ടമേളം, പുലിക്കളി, മാവേലി എന്നിവയുടെ സാന്നിധ്യവും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും.

പൂക്കള മത്സരത്തിലെ വിജയികൾക്ക് ഒന്നാം സമ്മാനമായി ₹10,000, രണ്ടാം സമ്മാനമായി ₹5,000, മൂന്നാം സമ്മാനമായി ₹3,000 എന്നിവയും കൂടാതെ ₹1,000 വീതമുള്ള രണ്ട് പ്രോത്സാഹന സമ്മാനങ്ങളും നൽകും.

കേരളീയ പാരമ്പര്യവും ഓണാഘോഷത്തിൻ്റെ ആവേശവും ഒരുമിപ്പിക്കുന്ന ‘നമ്മ പൊന്നോണം 2026’-ലേക്ക് ബെംഗളൂരുവിലെ മലയാളി സമൂഹത്തെയും കുടുംബങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക് ജിജു സിറിയക് (97397 09558), അനിൽ കുമാർ.കെ.പി (99453 40515)

Related Posts