നഗരസൗന്ദര്യം ആസ്വദിച്ചുകൊണ്ട് ജന്മദിനം, വിവാഹ വാർഷികം, ഫോട്ടോഷൂട്ട് തുടങ്ങിയ ആഘോഷങ്ങൾ നടത്താൻ അമ്പാരി ഡബിൾ ഡെക്കർ ബസുകൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയുമായി കർണാടക ടൂറിസം വികസന കോർപറേഷൻ. ‘ഹോപ് ഓൺ ഹോപ് ഓഫ്’ സർവീസിലെ ബസുകളാണ് മണിക്കൂർ അടിസ്ഥാനത്തിൽ വാടകയ്ക്ക് ലഭ്യമാക്കുന്നത്.

ജന്മദിനാഘോഷത്തിന് അഞ്ച് മണിക്കൂർ ഉപയോഗിക്കുന്നതിന് വാരാന്ത്യങ്ങളിൽ 8,000 രൂപയും മറ്റ് ദിവസങ്ങളിൽ 6,000 രൂപയുമാണ് നിരക്ക്. ഒരു ദിവസം മുഴുവൻ ബസ് ബുക്ക് ചെയ്യാൻ വാരാന്ത്യങ്ങളിൽ 40,000 രൂപയും മറ്റ് ദിവസങ്ങളിൽ 32,000 രൂപയും നൽകണം. ഫോട്ടോഷൂട്ടിനായി വാരാന്ത്യങ്ങളിൽ 16,000 രൂപയും മറ്റ് ദിവസങ്ങളിൽ 12,000 രൂപയുമാണ് ഈടാക്കുക. എല്ലാ നിരക്കുകൾക്കും പുറമെ 5 ശതമാനം ജിഎസ്ടിയും ബാധകമാണ്.

കഴിഞ്ഞ ജനുവരിയിലാണ് കെഎസ്ഡിടിസി അമ്പാരി ഡബിൾ ഡെക്കർ ബസ് സർവീസ് ആരംഭിച്ചത്. ടൗൺ ഹാളിന് മുന്നിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസ് നഗരത്തിലെ 26 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഓടുന്നത്. തുറന്ന അപ്പർ ഡെക്കിലും എയർ കണ്ടീഷൻ ചെയ്ത താഴത്തെ ഡെക്കിലുമായി ആകെ 40 യാത്രക്കാർക്ക് യാത്ര ചെയ്യാം. ഒരാൾക്ക് 180 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവിൽ നാല് അമ്പാരി ഡബിൾ ഡെക്കർ ബസുകളാണ് സർവീസിലുള്ളത്.

Related Posts