മധ്യപ്രദേശിൽ ദിവസങ്ങളായി തുടരുന്ന കർഷക സമരം സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് പിൻവലിച്ചു. സർക്കാർ പ്രതിനിധികളും കർഷക നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. കർഷകർക്ക് ആശ്വാസമായി പയർവർഗങ്ങളുടെ സർക്കാർ സംഭരണ പരിധി നിലവിലുണ്ടായിരുന്ന 25 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. കൂടാതെ, വളം വിതരണവുമായി ബന്ധപ്പെട്ട് വിവാദമായിരുന്ന ഇ-ടോക്കൺ സംവിധാനം താൽക്കാലികമായി നിർത്തിവയ്ക്കാനും ധാരണയായി.
കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ്റെ വസതിക്ക് മുന്നിൽ പ്രതിഷേധവും മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ വസതിയിലേക്ക് മാർച്ചും നടത്തിയതിന് പിന്നാലെയാണ് സർക്കാർ അനുരഞ്ജന ചർച്ചകൾക്ക് തയ്യാറായത്. നർമദാപുരം, സീഹോർ, ഹർദ തുടങ്ങിയ ജില്ലകളിലെ കർഷകർക്ക് പുതിയ ആനുകൂല്യങ്ങൾ ഉടൻ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു. പയർവിള സംഭരണത്തിനുള്ള അവസാന തീയതി ഓഗസ്റ്റ് 10ൽ നിന്ന് 20ലേക്കും, സ്ലോട്ട് ബുക്കിങ് അവസാന തീയതി ജൂലൈ 30ൽ നിന്ന് ഓഗസ്റ്റ് 10ലേക്കും നീട്ടി.
വളം വിതരണത്തിലെ ഇ-ടോക്കൺ സംവിധാനത്തെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാനും, സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതുവരെ നിലവിലെ സംവിധാനം നിർത്തിവയ്ക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സർക്കാരിൻ്റെ ഉറപ്പുകൾ അംഗീകരിച്ച കർഷക സംഘടനകൾ സമരം അവസാനിപ്പിച്ചതോടെ പ്രതിഷേധക്കാർക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാൻ ഭരണകൂടം പ്രത്യേക ബസ് സൗകര്യവും ഒരുക്കി.