കെഎസ്ആർ ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെ യാർഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദക്ഷിണ പശ്ചിമ റെയിൽവേ (SWR) നിരവധി ട്രെയിൻ സർവീസുകളിൽ താൽക്കാലിക മാറ്റം പ്രഖ്യാപിച്ചു. ചില ട്രെയിനുകൾ പൂർണമായും റദ്ദാക്കിയപ്പോൾ, മറ്റുചിലയുടെ സമയക്രമത്തിലും സർവീസ് റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 2-ന് സർവീസ് നടത്തേണ്ടിയിരുന്ന 16565 യെശ്വന്ത്പുർ–മംഗളൂരു സെൻട്രൽ പ്രതിവാര എക്സ്പ്രസ് പൂർണമായും റദ്ദാക്കി. ഓഗസ്റ്റ് 3-ന് പുറപ്പെടേണ്ട 16566 മംഗളൂരു സെൻട്രൽ–യെശ്വന്ത്പുർ പ്രതിവാര എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.
16586 മുർഡേശ്വർ–എസ്എംവിറ്റി ബെംഗളൂരു എക്സ്പ്രസ് (ഓഗസ്റ്റ് 3) ഒരു മണിക്കൂർ വൈകിയാണ് സർവീസ് നടത്തുക. ട്രെയിൻ ഉച്ചയ്ക്ക് 2.25-ന് പകരം 3.25-ന് മുർഡേശ്വറിൽ നിന്ന് പുറപ്പെടും.
അതേസമയം, 16511 കെഎസ്ആർ ബെംഗളൂരു–കോഴിക്കോട് എക്സ്പ്രസ് (ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ) കെഎസ്ആർ ബെംഗളൂരുവിന് പകരം എസ്എംവിറ്റി ബെംഗളൂരുവിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. രാത്രി 8 മണിക്ക് എസ്എംവിറ്റിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ബനസ്വാടി വഴി തിരിച്ചുവിടുന്നതിനാൽ കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല.
16512 കോഴിക്കോട്–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (ജൂലൈ 31 മുതൽ ഓഗസ്റ്റ് 3 വരെ) ബനസവാടി വഴി തിരിച്ചുവിടുകയും കെഎസ്ആർ ബെംഗളൂരുവിന് പകരം എസ്എംവിറ്റി ബെംഗളൂരുവിൽ സർവീസ് അവസാനിപ്പിക്കുകയും ചെയ്യും. ട്രെയിൻ രാവിലെ 7.45-ന് എസ്എംവിറ്റിയിലെത്തും.
യാത്രക്കാർ പുതുക്കിയ സമയക്രമവും സർവീസ് മാറ്റങ്ങളും മുൻകൂട്ടി പരിശോധിച്ച് യാത്ര ക്രമീകരിക്കണമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അഭ്യർഥിച്ചു.