ബംഗ്ലാദേശിലേക്ക് ഡിസംബറോടെ മടങ്ങാൻ തീരുമാനിച്ചതായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അറിയിച്ചു. എഎഫ്പിക്ക് ഇ-മെയിൽ വഴി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജീവന് ഭീഷണിയുണ്ടെന്നും രാജ്യത്ത് തിരിച്ചെത്തിയാൽ കൊല്ലപ്പെടാനോ അറസ്റ്റ് ചെയ്യപ്പെടാനോ സാധ്യതയുണ്ടെന്നും ഹസീന പറഞ്ഞു. എന്നിരുന്നാലും ജനങ്ങൾ താൻ തിരിച്ചെത്തണമെന്ന് ആഗ്രഹിക്കുന്നതിനാൽ നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നും അവർ വ്യക്തമാക്കി.
2024-ൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭങ്ങൾ ക്രൂരമായി അടിച്ചമർത്തിയെന്ന ആരോപണത്തെ തുടർന്ന് ഷെയ്ഖ് ഹസീനക്കെതിരെ കേസെടുത്തിരുന്നു. മനുഷ്യത്വ വിരുദ്ധ കുറ്റകൃത്യങ്ങളുടെ പേരിൽ കഴിഞ്ഞ നവംബറിൽ ധാക്കയിലെ പ്രത്യേക കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഹസീനയുടെ നിലപാട്.
വധശിക്ഷാ വിധിക്ക് പിന്നാലെ നിയമനടപടികൾക്കായി ഹസീനയെ ഇന്ത്യ കൈമാറണമെന്ന് ബംഗ്ലാദേശ് സർക്കാർ ആവശ്യപ്പെട്ടുവരികയാണ്. ആഭ്യന്തര കലാപത്തെ തുടർന്ന് രാജ്യം വിട്ട ഷെയ്ഖ് ഹസീന നിലവിൽ ഇന്ത്യയിലാണ് കഴിയുന്നത്.