നഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിനു കൊല്ലം കോർപറേഷൻ സിപിഎമ്മിന് വൻ തുക പിഴ ചുമത്തി. സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കൊടിയും ഫ്ലക്സും സ്ഥാപിച്ചതിനാണ് മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കാൻ സിപിഎം ജില്ലാ സെക്രട്ടറിക്കു കോർപറേഷൻ സെക്രട്ടറി നോട്ടീസ് നൽകിയത്. അനധികൃതമായി നഗരത്തിൽ 20 ഫ്ളക്സുകളും 2,500 കൊടിയും കെട്ടിയതിനാണ് 4 ദിവസങ്ങൾക്കു മുൻപ് പിഴ ചുമത്തി നോട്ടീസ് നൽകിയത്.
ഫീസ് അടച്ച് നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാൻ സിപിഎം അപേക്ഷ നൽകിയിരുന്നു. എന്നാൽ കോർപറേഷൻ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നില്ല.
നടപ്പാത കൈയേറാതെയും ഗതാഗത തടസമില്ലാതെയും കാഴ്ച മറയ്ക്കാതെയും ഫ്ലക്സ് ബോർഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാർട്ടി നേതൃത്വത്തിൻ്റെ വിശദീകരണം. പിഴ നോട്ടീസിനെതിരെ കോടതിയിൽ പോകണോ, പിഴ അടയ്ക്കണോ എന്നതിൽ സിപിഎം തീരുമാനം എടുത്തിട്ടില്ല.