നഗരമധ്യത്തിൽ പട്ടാപ്പകൽ നടന്ന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കൈതമുക്കിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ വിശാഖ് എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ പ്രദീപിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിക്കായി വ്യാപക തെരച്ചിൽ തുടരുകയാണ്.
മുമ്പ് പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിലിൽ കഴിഞ്ഞിരുന്നു. തുടർന്ന് ഇരുവരും തമ്മിലുള്ള വൈരാഗ്യം രൂക്ഷമായതോടെ വിശാഖ് മലയിൻകീഴിലെ മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാൽ ഞായറാഴ്ച ഭക്ഷണം കഴിക്കാൻ കൈതമുക്കിലെത്തിയപ്പോഴാണ് ആക്രമണം നടന്നത്. സംഭവസമയത്ത് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന്, കൈവശമുണ്ടായിരുന്ന വാൾ ഉപയോഗിച്ച് പ്രദീപ് വിശാഖിനെ വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ വിശാഖിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണത്തിന് ശേഷം പ്രതി ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.