നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യ്ക്കെതിരായ കേസിൽ 10 സംസ്ഥാനങ്ങളിലെ 12 ഇടങ്ങളിൽ പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് (ഇഡി). പിഎഫ്ഐയുടെ രാഷ്ട്രീയ സംഘടനയെന്ന ആക്ഷേപം നേരിടുന്ന എസ് ഡി പി ഐയുടെ ദേശീയ അധ്യക്ഷൻ എംകെ ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡി നീക്കം. തിരുവനന്തപുരം, മലപ്പുറം, ഡൽഹി, തമിഴ്നാട്ടിലെ ചെന്നൈ, ആന്ധ്രയിലെ നന്ദ്യാൽ, ജാർഖണ്ഡിലെ പാക്കുർ, മഹാരാഷ്ട്രയിലെ താനെ, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ഉത്തർപ്രദേശിലെ ലക്‌നൗ, രാജസ്ഥാനിലെ ജയ്‌പൂർ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.

ഡൽഹി വിമാനത്താവളത്തിൽനിന്ന് അറസ്റ്റിലായ എംകെ ഫൈസി ഇഡിയുടെ കസ്റ്റഡിയിലാണ്. കഴിഞ്ഞ ഒരു വർഷക്കാലത്തിനിടെ നിരവധി തവണ ഫൈസിയോട് ചോദ്യംചെയ്യലിന് ഹാജരാകാൻ ഇഡി സംഘം നിർദേശം നൽകിയിരുന്നു. എന്നാൽ അന്വേഷണ സംഘത്തിന് മുന്നിൽ ഫൈസി ഹാജരായിരുന്നില്ലെന്നാണ് ഇഡി പറയുന്നത്.

പിഎഫ്ഐയുടെ രാഷ്ട്രീയ സംഘടനയാണ് എസ് ഡി പി ഐ എന്നാണ് ഇഡിയുടെ കണ്ടെത്തൽ. എസ് ഡി പി ഐ നയരൂപീകരണം, സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനങ്ങൾക്ക് പിഎഫ്ഐയെ ആശ്രയിച്ചിരുന്നതായാണ് ഇഡി പറയുന്നത്. പിഎഫ്ഐയുടെ കേരളത്തിലെ ആസ്ഥാനകേന്ദ്രമായ കോഴിക്കോട്ടെ യൂണിറ്റി ഹൗസിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമാക്കുന്ന കത്തുകൾ ലഭിച്ചതായും ഇഡി അറിയിച്ചു.

Related Posts