അധ്യാപികമാരെ ഇടനിലക്കാരാക്കി നടത്തിയെന്നാരോപിക്കുന്ന ലഹരിക്കടത്ത് കേസിൽ പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ അന്വേഷണത്തിൻ്റെ ഭാഗമായി മറ്റൊരു അധ്യാപിക കൂടി അറസ്റ്റിലായി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനിയുമായ കാവ്യയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് വാങ്ങിയവരിൽ നിന്ന് ലഭിച്ച പണം കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതേ കേസിൽ മരുതോങ്കര സ്വദേശിനിയും മറ്റൊരു ബിആർസിയിലെ അധ്യാപികയുമായ കെ.സി. കീർത്തനയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.