ശബരിമലയുടെ പുതിയ തന്ത്രിയായി നിലവിലെ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ബോർഡ് യോഗത്തിൽ എടുത്ത തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ചിങ്ങം ഒന്നുമുതൽ ബ്രഹ്മദത്തൻ തന്ത്രിയുടെ ചുമതല ഏറ്റെടുക്കും.
അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, തറയിൽ കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവരടങ്ങിയ സമിതിയാണ് ബ്രഹ്മദത്തന് താന്ത്രിക വിദ്യയിൽ ആവശ്യമായ പ്രാവീണ്യമുണ്ടെന്ന് വിലയിരുത്തിയത്. തന്ത്രവിദ്യാപീഠത്തിൽ പഠനം പൂർത്തിയാക്കിയതും പിതാവായ കണ്ഠരര് രാജീവരോടൊപ്പം ശബരിമലയിൽ സഹതന്ത്രിയായി പ്രവർത്തിച്ച അനുഭവവുമാണ് സമിതി ചൂണ്ടിക്കാട്ടിയത്.
അനാരോഗ്യത്തെ തുടർന്ന് തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കി മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്നാവശ്യപ്പെട്ട് കണ്ഠരര് രാജീവർ നേരത്തെ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ബോർഡ് അന്തിമതീരുമാനം കൈക്കൊണ്ടത്.
സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജയിലിലായിരിക്കെ നടത്തിയ ആരോഗ്യപരിശോധനയിൽ ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹം ചുമതല ഒഴിയാൻ തീരുമാനിച്ചത്.
എന്നാൽ, ശബരിമലയുമായി ബന്ധപ്പെട്ട തന്ത്രി നിയമനം ഉൾപ്പെടെയുള്ള എല്ലാ പ്രധാന തീരുമാനങ്ങൾക്കും കേരള ഹൈക്കോടതിയുടെ അനുമതി ആവശ്യമായതിനാൽ ബോർഡിൻ്റെ തീരുമാനം തിങ്കളാഴ്ച കോടതിയെ അറിയിക്കും. ഹൈക്കോടതിയുടെ അംഗീകാരം ലഭിച്ചതിന് ശേഷമേ നിയമനം ഔദ്യോഗികമായി നിലവിൽ വരൂ.