മത്സരപ്പരീക്ഷകളിലെ ചോദ്യച്ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കുറ്റക്കാർക്കെതിരെ കൂടുതൽ കർശന നടപടി ഉറപ്പാക്കുന്ന ബിൽ അടുത്ത ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം.
പുതിയ ഭേദഗതി പ്രകാരം ചോദ്യച്ചോർച്ച കേസുകളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് പരമാവധി 10 വർഷം വരെ തടവും ₹10 കോടി വരെ പിഴയും ലഭിക്കും. നിലവിൽ മൂന്ന് വർഷമായിരുന്ന കുറഞ്ഞ തടവ് ശിക്ഷ അഞ്ച് വർഷമായി ഉയർത്താനും മന്ത്രിസഭ തീരുമാനിച്ചു.
നീറ്റ് പരീക്ഷാ വിവാദത്തെ തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾക്കും വിദ്യാർഥികളുടെ ആശങ്കകൾക്കും പിന്നാലെയാണ് സർക്കാർ നിയമം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചത്. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുകയാണ് ബില്ലിൻ്റെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.