നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് രാജ്യവ്യാപകമായി തുടരുന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. രാജ്യത്തെ യുവാക്കളുടെ ഭാവിയെ ബാധിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണിതെന്നും ഇത് രാഷ്ട്രീയ വിവാദമല്ല, ദേശീയ പ്രാധാന്യമുള്ള പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ശേഷമാണ് ബെംഗളൂരുവിൽ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.
ആവർത്തിച്ച് നടക്കുന്ന പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ ബലപ്രയോഗം നടത്തിയ നടപടി അംഗീകരിക്കാനാകില്ലെന്നും ശിവകുമാർ പറഞ്ഞു. ജനാധിപത്യ രാജ്യത്തിൽ വിദ്യാർഥികൾക്ക് അവരുടെ ആശങ്കകൾ പ്രകടിപ്പിക്കാനും പ്രതിഷേധിക്കാനുമുള്ള പൂർണ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറിലധികം തവണ ചോദ്യപേപ്പർ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, പരീക്ഷാ സംവിധാനത്തിൻ്റെ വിശ്വാസ്യത സംരക്ഷിക്കുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ രാജ്യത്തിൻ്റെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യയെ ലോകം പ്രതിഭകളുടെ കേന്ദ്രമായി കാണുന്ന സാഹചര്യത്തിൽ, ആവർത്തിച്ചുള്ള പരീക്ഷാ ക്രമക്കേടുകൾ രാജ്യത്തിൻ്റെ അന്താരാഷ്ട്ര പ്രതിച്ഛായയെ പോലും ബാധിക്കുമെന്നും ശിവകുമാർ പറഞ്ഞു. “ഇത് ഒരു രാഷ്ട്രീയ പോരാട്ടമല്ല, രാജ്യത്തെ യുവാക്കളുടെ ഭാവിയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. യുവാക്കളുടെ ശബ്ദം കേൾക്കുകയും അവരുടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി.