ഗൗരി-ഗണേശ ഉത്സവവും വാരാന്ത്യവും ഒരുമിച്ചെത്തിയതോടെ ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. മൈസൂരുവിലേക്ക് യാത്ര തിരിച്ച വാഹനങ്ങളുടെ എണ്ണം വർധിച്ചതോടെ ശനിയാഴ്ച രാവിലെ മുതൽ ടോൾ പ്ലാസകളിൽ വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു.
ബെംഗളൂരു സൗത്ത് താലൂക്കിലെ കനിമിനിക്കെ ടോൾ പ്ലാസയിലും രാമനഗര താലൂക്കിലെ ശേഷഗിരിഹള്ളി ടോൾ പ്ലാസയിലും ഒരുകിലോമീറ്ററോളം നീളത്തിലാണ് വാഹനങ്ങളുടെ നിര അനുഭവപ്പെട്ടത്. ഓരോ ടോൾ പ്ലാസയിലും ഫാസ്റ്റാഗ് സംവിധാനവും ഏഴ് മുതൽ എട്ട് വരെ ടോൾ ഗേറ്റുകളുമുണ്ടായിരുന്നെങ്കിലും വാഹനത്തിരക്ക് കൂടിയതോടെ യാത്രക്കാർക്ക് ഏറെ നേരം കാത്തുനിൽക്കേണ്ടിവന്നു.
ഉത്സവത്തിരക്ക് ഒഴിവാക്കാൻ നേരത്തെ യാത്ര തുടങ്ങിയവരും ടോൾ പ്ലാസകളിലെ തിരക്കിൽ കുടുങ്ങി. ഉത്സവങ്ങളോ അവധി ദിവസങ്ങളോ വാരാന്ത്യത്തോടൊപ്പം വരുമ്പോഴെല്ലാം ബെംഗളൂരു-മൈസൂരു പാതയിലെ ടോൾ പ്ലാസകളിൽ സമാനമായ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. ദസറ സമയത്ത് സ്ഥിതി കൂടുതൽ രൂക്ഷമാകാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
ടോൾ ഒഴിവാക്കി യാത്ര ചെയ്യാൻ സർവീസ് റോഡുകളെ ആശ്രയിക്കാമെങ്കിലും ഇവ തുടർച്ചയായ രീതിയിൽ നിലവിലില്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് വാഹനയാത്രക്കാർ പറയുന്നു. പല സ്ഥലങ്ങളിലും സർവീസ് റോഡിൽ നിന്ന് പ്രധാന പാതയോരത്തെ പട്ടണങ്ങളിലൂടെയും നഗരങ്ങളിലൂടെയും കടന്നുപോകേണ്ടിവരുന്നതിനാൽ യാത്രയ്ക്ക് കൂടുതൽ സമയമെടുക്കും.
ഇതോടെ ടോൾ റോഡ് ഉപയോഗിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥയാണെന്നും യാത്രക്കാർ പറയുന്നു. ഉത്സവദിവസങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നേരത്തെ പുറപ്പെട്ടിട്ടും ടോൾ പ്ലാസകളിലെ നീണ്ടനിരയിൽ കുടുങ്ങുന്നത് യാത്രയുടെ ഉദ്ദേശ്യം തന്നെ പരാജയപ്പെടുത്തുന്നതായും വാഹനയാത്രക്കാർ പ്രതികരിച്ചു.