നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണയുമായി മലയാളത്തിൻ്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മഞ്ജു വാര്യരും രംഗത്തെത്തി.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ, “യുവാക്കളാണ് രാജ്യത്തിൻ്റെ ഏറ്റവും വലിയ സമ്പത്ത്. അവരുടെ ശബ്ദം കേൾക്കണം. അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണ്” എന്ന് മമ്മൂട്ടി വ്യക്തമാക്കി. വിദ്യാർഥികളുടെ ആശങ്കകളെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നടി മഞ്ജു വാര്യരും സമൂഹമാധ്യമത്തിലൂടെ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. “മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മുകളിലായിരിക്കേണ്ടത്. നമ്മുടെ യുവതലമുറയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവയ്ക്കാനും സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്” എന്നാണ് മഞ്ജു കുറിച്ചത്.

ഇന്ത്യയിലെ പരീക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും വിദ്യാഭ്യാസ-പരീക്ഷാ സംവിധാനത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.

“മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും മുൻഗണന ലഭിക്കണം. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നൽകേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകുകയും സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടുകയും വേണം” എന്നും മഞ്ജു വാര്യർ തൻ്റെ കുറിപ്പിൽ വ്യക്തമാക്കി.

നേരത്തെ കുഞ്ചാക്കോ ബോബന്‍, ടൊവിനോ, ദുല്‍ഖര്‍ സല്‍മാന്‍, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവർ സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്തെത്തിയിരുന്നു.

Related Posts