മധുവിധു യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ സോനം രഘുവംശിക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. കേസിലെ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് വിലയിരുത്തിയ കോടതി, മൂന്ന് ആഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാൻ സോനത്തിന് നിർദേശം നൽകി. അതേസമയം, കേസിൻ്റെ വിചാരണ ആറുമാസത്തിനകം പൂർത്തിയാകുന്നില്ലെങ്കിൽ, വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കഴിഞ്ഞ വർഷം മേയ് 11-നാണ് രാജാ രഘുവംശിയും സോനവും വിവാഹിതരായത്. തുടർന്ന് മേയ് 20-ന് മധുവിധു ആഘോഷിക്കാൻ മേഘാലയയിലേക്ക് പോയ ഇരുവരെയും കാണാതാവുകയായിരുന്നു. ദിവസങ്ങൾക്കുശേഷം നടത്തിയ തിരച്ചിലിൽ രാജാ രഘുവംശിയുടെ മൃതദേഹം താഴ്വരയിൽ നിന്ന് കണ്ടെത്തി. അന്വേഷണത്തിൽ, കൊലപാതകത്തിന് പിന്നിൽ സോനവും കാമുകനായ രാജ് സിങ് കുശ്വാഹയും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന നിഗമനത്തിലെത്തിയ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

ഷില്ലോങ് ജില്ലാ ജയിലിൽ പത്ത് മാസം റിമാൻഡിൽ കഴിഞ്ഞ സോനത്തിന്, അറസ്റ്റ് രേഖകളിൽ കൊലപാതകവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചേർക്കുന്നതിൽ പോലീസ് വീഴ്ച വരുത്തിയെന്ന കാരണത്താൽ വിചാരണക്കോടതി ഏപ്രിൽ 27-ന് ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചിരുന്നു.

എന്നാൽ, ഗുരുതരമായ കുറ്റകൃത്യത്തിൽ ഇത്തരമൊരു പിഴവ് ജാമ്യത്തിന് അടിസ്ഥാനമാക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി മേഘാലയ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച സുപ്രീം കോടതി വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകൾ റദ്ദാക്കി, സോനത്തിൻ്റെ ജാമ്യം അസാധുവാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

Related Posts