നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നതിനിടെ മുംബൈയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതൽ ഓഗസ്റ്റ് 6 വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. ഡൽഹിയിലെ ജന്തർ മന്തറിലും പാർലമെന്റിന് പുറത്തും നടക്കുന്ന പ്രതിഷേധം മഹാരാഷ്ട്രയിലേക്കും വ്യാപിച്ചതോടെയാണ് നടപടി.

ഇതിനിടെ, പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വഞ്ചിത് ബഹുജൻ അഘാഡി മഹാരാഷ്ട്രയിൽ ഹർത്താൽ ആചരിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവും നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർത്തിയാണ് പ്രതിഷേധം.

കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. പ്രതിഷേധം കൂടുതൽ വ്യാപിക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് മുംബൈയിൽ പൊലീസ് സുരക്ഷ ശക്തമാക്കുകയും പൊതുയോഗങ്ങൾക്കും പ്രകടനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തത്.

അതേസമയം, ഡൽഹിയിലെ ജന്തർ മന്തറിൽ സമരം തുടരുന്ന പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമരവേദിക്ക് ചുറ്റും കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. പ്രതിഷേധക്കാരും സർക്കാരും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമേ തുടർനടപടികളിൽ വ്യക്തത വരൂ എന്ന നിലപാടിലാണ് അധികൃതർ.

Related Posts