ബെംഗളൂരുവിലെ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ കല സംഘടിപ്പിക്കുന്ന കല ഓണോത്സവം – 2026ൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കല ജനറൽ സെക്രട്ടറി ഫിലിപ്പ് കെ. ജോർജ് സ്വാഗതസംഘം കൺവീനർ സുമേഷിന് കൈമാറി പ്രകാശനം ചെയ്തു.
വരാനിരിക്കുന്ന ഓണാഘോഷത്തിൻ്റെ വർണാഭമായ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച ചടങ്ങ് ആവേശവും പ്രതീക്ഷയും നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു. കലയുടെ ഈ വർഷത്തെ ഓണോത്സവം മുൻവർഷങ്ങളെക്കാൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ഒക്ടോബർ 4നു നടക്കുന്ന ഓണോത്സവത്തിൽ കലയുടെ കലാകാരന്മാരുടെ പ്രകടനങ്ങൾക്കു മാറ്റ് കൂട്ടുവാനായി കേരളത്തിലെ പ്രമുഖ യുവ ഗായകരായ അതുൽ നറുകരയും, ശ്വേത അശോകും നയിക്കുന്ന മ്യൂസിക്കൽ ബാൻഡ് അണിനിരക്കും.
ചടങ്ങിൽ കല നേതാക്കളായ വിനീത്, തോമസ്, സുനിൽ, റഫീഖ്, ജിജോ എന്നിവർ പങ്കെടുത്തു. ഓണോത്സവത്തിൻ്റെയും കല സ സാന്ത്വനത്തിൻ്റെയും പ്രവർത്തനങ്ങൾക്കായി കലയുടെ 151 അംഗ സ്വാഗത സംഘമാണ് പ്രവർത്തിക്കുന്നത്.