ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി എന്നിവിടങ്ങളിലെ 106 സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ കേരള കർണാടക ട്രാവലേഴ്‌സ് ഫോറം (KKTF) ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രാ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ കെ.എസ്.ആർ.ടി.സി. ബസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കേരള കർണാടക ട്രാവലേഴ്‌സ് ഫോറം കൺവീനർ മുരളീധർ, കേരളം സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സെക്രട്ടറി അജിത്കുമാർ, കൺവീനർ അശോക് എന്നിവരാണ് സന്ദർശിച്ചത്.

ഓണക്കാലത്ത് സംസ്ഥാന ഗതാഗത ബസുകളുടെയും ട്രെയിനുകളുടെയും അപര്യാപ്തത മൂലം കേരളത്തിലേക്കുള്ള യാത്ര അതീവ ദുഷ്കരമാകുന്നുവെന്നും ഇതിൻ്റെ ഫലമായി സ്വകാര്യ ബസുകൾ അമിത നിരക്ക് ഈടാക്കുന്ന സാഹചര്യം രൂപപ്പെടുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ചില റൂട്ടുകളിൽ എറണാകുളം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലേക്ക് സ്വകാര്യ ബസ് നിരക്ക് 5,000 രൂപവരെ ഉയരുന്നുവെന്നും സംഘടന വ്യക്തമാക്കി.

ബെംഗളൂരു – തിരുവനന്തപുരം (സേലം വഴി) 8 സർവീസുകളും ബെംഗളൂരു – കോട്ടയം (സേലം, തേനി വഴി): 8 സർവീസുകളും ബെംഗളൂരു – എറണാകുളം (സേലം, പാലക്കാട് വഴി): 10 സർവീസുകളും ബെംഗളൂരു – തൃശൂർ (സേലം, പാലക്കാട് വഴി): 10 സർവീസുകളും ബെംഗളൂരു – കോഴിക്കോട് (മൈസൂരു വഴി): 5 സർവീസുകളും ബെംഗളൂരു – കണ്ണൂർ (മൈസൂരു വഴി): 5 സർവീസുകളും മൈസൂരു – എറണാകുളം (കോഴിക്കോട് വഴി): 5 സർവീസുകളും അധികമായി അനുവദിക്കണമെന്ന് കെ.കെ.ടി.എഫ് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഓണക്കാല യാത്ര സുഗമമാക്കുന്നതിനായി ഓഗസ്റ്റ് 21, 22, 23 തീയതികളിൽ ബെംഗളൂരുവിൽ നിന്നുള്ള സർവീസുകളും, ഓഗസ്റ്റ് 20, 21, 22 തീയതികളിൽ കേരളത്തിൽ നിന്നുള്ള സർവീസുകളും, ഉത്സവാനന്തര മടക്കയാത്രയ്ക്കായി ഓഗസ്റ്റ് 29, 30 തീയതികളിൽ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള പ്രത്യേക സർവീസുകളും പ്രഖ്യാപിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

കൂടാതെ, യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനാകുന്ന വിധത്തിൽ ഓഗസ്റ്റ് 1 മുതൽ ബുക്കിംഗ് ആരംഭിക്കണമെന്നും കെ.കെ.ടി.എഫ്. നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദേശം അംഗീകരിച്ചാൽ ബെംഗളൂരുവിൽ താമസിക്കുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ഓണക്കാല യാത്രയിൽ വലിയ ആശ്വാസമാകുമെന്ന് സംഘടന അറിയിച്ചു.

Related Posts