ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ ഡോ. എം.കെ. റാമിനെ കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കർണാടകയിലെ കുടക് ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനായി കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു.

സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഡോ. റാം ഒളിവിൽ പോയത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരും ചിറ്റൂരും കേന്ദ്രീകരിച്ചായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്. അന്വേഷണസംഘം നേരത്തെ ചിറ്റൂരിൽ പരിശോധന നടത്തിയെങ്കിലും അന്ന് രക്ഷപ്പെടാൻ ഇയാൾക്ക് കഴിഞ്ഞിരുന്നു.

തുടർന്ന് കുടകിൽ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം നടത്തിയ നീക്കത്തിലാണ് ഡോ. റാം പിടിയിലായത്. പിടികൂടുന്നതിനിടെ ഇയാൾ പ്രതിരോധിച്ചതിനെ തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയതെന്നാണ് വിവരം.

പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും തെളിവുകളും ശേഖരിക്കാനായി വിശദമായ അന്വേഷണം തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

Related Posts