ഫിഫ ലോകകപ്പ് 2026-ലെ മൂന്നാം സ്ഥാനപ്പോരാട്ടത്തിൽ ഫ്രാൻസിനെ 6-4ന് കീഴടക്കി ഇംഗ്ലണ്ട് വെങ്കല മെഡൽ സ്വന്തമാക്കി. ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ഗോളടിപ്പൂരത്തിനൊടുവിലാണ് ഇംഗ്ലണ്ട് ലോകകപ്പ് ചരിത്രത്തിലെ 1966ലെ കിരീടനേട്ടത്തിന് ശേഷമുള്ള ഏറ്റവും മികച്ച പ്രകടനം കുറിച്ചത്.
ഇംഗ്ലണ്ടിനായി ബുക്കായോ സാക്ക ഹാട്രിക് നേടി മത്സരത്തിലെ താരമായി. ഡെക്ലൻ റൈസ് (3), എസ്രി കോൺസ (18), സാക്ക (37, 45+1, 87-പെനാൽറ്റി), ജൂഡ് ബെല്ലിംഗം (90+8) എന്നിവരാണ് ഇംഗ്ലണ്ടിൻ്റെ ഗോൾ സ്കോറർമാർ. ആദ്യ പകുതിയിൽ തന്നെ 4-0ൻ്റെ വൻ ലീഡ് നേടിയ ഇംഗ്ലണ്ട് ഫ്രാൻസിന് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്.
ഇടവേളയ്ക്ക് ശേഷം ഫ്രാൻസ് ശക്തമായി തിരിച്ചടിച്ചു. കിലിയൻ എംബാപ്പെ (48, 66) ഇരട്ടഗോളും ബ്രാഡ്ലി ബാർക്കോള (54) ഒരു ഗോളും നേടി ലീഡ് 4-3 ആയി കുറച്ചു. പിന്നീട് 90+6-ാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെ ഫ്രാൻസിൻ്റെ നാലാം ഗോൾ നേടിയെങ്കിലും, തൊട്ടുപിന്നാലെ 90+8-ാം മിനിറ്റിൽ ബെല്ലിംഗം ഇംഗ്ലണ്ടിൻ്റെ ആറാം ഗോൾ നേടി വിജയമുറപ്പിച്ചു.
പരാജയപ്പെട്ടെങ്കിലും എംബാപ്പെ വ്യക്തിഗത നേട്ടത്തിൽ മുന്നിലെത്തി. ഈ ലോകകപ്പിൽ 10 ഗോളുകളും ലോകകപ്പ് കരിയറിൽ ആകെ 22 ഗോളുകളും നേടിയ താരം ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. ലയണൽ മെസിയാണ് രണ്ടാം സ്ഥാനത്ത്.