കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കർണാടക പ്രവാസി കോൺഗ്രസ് (KPC)യുടെ ആഭിമുഖ്യത്തിൽ ബാനർഘട്ട റോഡിലെ കലീന അഗ്രഹാരയിലുള്ള ലൂർദ് ഭവൻ ഓൾഡ് ഏജ് ഹോമിൽ അനുസ്മരണ സമ്മേളനവും സ്നേഹവിരുന്നും സംഘടിപ്പിച്ചു.
പരിപാടിയിൽ കർണാടക പ്രവാസി കോൺഗ്രസ് ജനറൽ സെക്രട്ടറി അലക്സ് ജോസഫ് സ്വാഗതം ആശംസിച്ചു. ഉമ്മൻ ചാണ്ടിയുടെ ജനസേവനവും മാനവിക മൂല്യങ്ങളും അനുസ്മരിച്ചുകൊണ്ട് വിനു തോമസ്, ഷിബു ശിവദാസ്, വി.ഒ.ജോണിച്ചൻ, ആന്റോ എം.പി, ടോംസ് മാത്യു എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ഉമ്മൻ ചാണ്ടിയുടെ ജനകീയ നേതൃത്വവും സാധാരണക്കാരോടുള്ള കരുതലും സേവനനിരതമായ പൊതുജീവിതവും പ്രസംഗകർ അനുസ്മരിച്ചു.
പരിപാടിയുടെ ഭാഗമായി ലൂർദ് ഭവൻ ഓൾഡ് ഏജ് ഹോമിലെ അന്തേവാസികളോടൊപ്പം ഉച്ചഭക്ഷണവും സ്നേഹവിരുന്നും സംഘടിപ്പിച്ചു. സമൂഹത്തിലെ അവശത അനുഭവിക്കുന്നവരോടൊപ്പം സമയം പങ്കുവെച്ചുകൊണ്ട് ഉമ്മൻ ചാണ്ടിയുടെ കരുണയുടെയും ജനസേവനത്തിൻ്റെയും സന്ദേശം ജീവിതത്തിൽ പകർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സേവനപരിപാടി.
അഭിഷേക്, സുമോജ്, തങ്കച്ചൻ വി.എസ്, മാത്യു എന്നിവർ പരിപാടിയുടെ വിവിധ ക്രമീകരണങ്ങൾക്കും നടത്തിപ്പിനും നേതൃത്വം നൽകി. കർണാടക പ്രവാസി കോൺഗ്രസിൻ്റെ ഭാരവാഹികൾ, പ്രവർത്തകർ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു