പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബെൽത്തങ്ങാടി ഒടിലനൽ സ്വദേശി ചേതൻ ആണ് വിഷം കഴിച്ചതായി പൊലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് ഇയാളെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബണ്ട്വാൾ ഉളിഗ്രാമിലെ ബാലപ്പ ഗൗഡയുടെ മകൾ ലാവണ്യ (21)യാണ് കൊല്ലപ്പെട്ടത്. സ്വകാര്യ നഴ്സിങ് ഹോമിൽ ജീവനക്കാരിയായിരുന്ന ലാവണ്യയെ ബിസി റോഡിലെ കെഎസ്ആർടിസി പുതിയ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്നതിനിടെയാണ് പ്രതി ആക്രമിച്ചത്.

ബാഗിൽ ഒളിപ്പിച്ചിരുന്ന കൊടുവാൾ പുറത്തെടുത്തതോടെ ലാവണ്യ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്നാലെ ഓടിച്ചെത്തി വെട്ടിവീഴ്ത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം ആയുധം സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ചേതൻ രക്ഷപ്പെടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ലാവണ്യയെ ഉടൻ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പ്രണയാഭ്യർഥന ലാവണ്യ പലതവണ നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Related Posts