ഓൺലൈൻ ടാക്സി സർവീസുകൾ ജൂലൈ 21 മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സമരത്തിലേക്ക്. നിരക്ക് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഓൾ കേരള ഓൺലൈൻ ഡ്രൈവേഴ്‌സ് യൂണിയൻ അലയൻസ് സമരം പ്രഖ്യാപിച്ചത്. സമരത്തിൻ്റെ ഭാഗമായി യൂബർ, ഓല, റാപ്പിഡോ, കേരള സവാരി തുടങ്ങിയ എല്ലാ ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോമുകളിൽ നിന്നുമുള്ള സർവീസുകൾ പൂർണമായും നിർത്തിവയ്ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

33 തൊഴിലാളി സംഘടനകളും ഡ്രൈവർ യൂണിയനുകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ വരുമാനം, കമ്പനികളുടെ ഡ്രൈവർ വിരുദ്ധ നയങ്ങൾ, അന്യസംസ്ഥാന രജിസ്ട്രേഷനുള്ള വാഹനങ്ങളുടെ പ്രാദേശിക സർവീസ്, ഇരുചക്ര ടാക്സികളുടെ വ്യാപനം എന്നിവ കാരണം ഓൺലൈൻ ടാക്സി മേഖലയിലെ ഡ്രൈവർമാർ കടുത്ത പ്രതിസന്ധിയിലാണെന്ന് സംഘടന ആരോപിച്ചു.

കമ്പനികൾ യാത്രാനിരക്ക് യുക്തിസഹമായി വർധിപ്പിക്കാൻ തയ്യാറാകുന്നില്ലെന്നും ചർച്ചകൾക്ക് പോലും സന്നദ്ധത കാണിക്കുന്നില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അലയൻസ് പ്രസിഡന്റ് റിനീഷ് അഹമ്മദ്, കൺവീനർ സജിൻ ജോസ്, സെക്രട്ടറി റിഫിൻ എന്നിവർ ആവശ്യപ്പെട്ടു.

Related Posts