ഡൽഹിയിലെ ജന്തർ മന്തറിൽ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം 19-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ അദ്ദേഹത്തിൻ്റെ ആരോഗ്യനില ഗുരുതരമാകുന്നതായി ആശങ്ക ഉയർന്നു. ഒമ്പത് കിലോയിലധികം ശരീരഭാരം കുറഞ്ഞതായും കടുത്ത ക്ഷീണം അനുഭവപ്പെടുന്നതായും സമരത്തിന് നേതൃത്വം നൽകുന്ന ‘കോക്രോച്ച് ജനത’ കൂട്ടായ്മ അറിയിച്ചു. ആരോഗ്യനില മോശമായെങ്കിലും മാനസികമായി അദ്ദേഹം ഇപ്പോഴും ഉറച്ച നിലപാടിലാണെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.

സാഹചര്യം പരിഗണിച്ച് സോനം വാങ്ചുക്കിൻ്റെ ആരോഗ്യനില ദിവസേന നിരീക്ഷിക്കാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും ഡൽഹി ഹൈക്കോടതി കേന്ദ്ര-ഡൽഹി സർക്കാരുകൾക്ക് നിർദേശം നൽകി. മെഡിക്കൽ സഹായത്തിൽ വീഴ്ച വരരുതെന്നും കോടതി വ്യക്തമാക്കി.

ദേശവ്യാപക മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യമാണ് വാങ്ചുക്കിൻ്റെ നിരാഹാര സമരത്തിന് പിന്നിൽ. വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

‘കോക്രോച്ച് ജനത’ രാഷ്ട്രീയ പാർട്ടിയല്ലെന്നും, തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും ഉയർത്തിക്കാട്ടുന്ന യുവജന കൂട്ടായ്മയാണെന്നും സംഘാടകർ വിശദീകരിച്ചു. ജൂലൈ 20-ന് സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ച് വിജയിപ്പിക്കാൻ പിന്തുണക്കാർ വലിയ തോതിൽ പങ്കെടുക്കണമെന്നും സോനം വാങ്ചുക് ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Posts