ധർമ്മസ്ഥല കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) അന്തിമ റിപ്പോർട്ട് ബെൽത്താങ്ങടി കോടതിയിൽ സമർപ്പിച്ചു. 7,005 പേജുകളുള്ള വിശദമായ റിപ്പോർട്ടാണ് കോടതിക്ക് കൈമാറിയത്.
2025 ഓഗസ്റ്റ് 28-ന് അറസ്റ്റിലായ ശുചീകരണ തൊഴിലാളി സി.എൻ. ചിന്നയ്യ, നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങൾ ധർമ്മസ്ഥലത്ത് രഹസ്യമായി മറവ് ചെയ്തതായി വെളിപ്പെടുത്തിയിരുന്നു. കർണാടകയെ നടുക്കിയ ഈ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ധർമ്മസ്ഥലയിലെ 13 സ്ഥലങ്ങൾ ചിന്നയ്യ അന്വേഷണ സംഘത്തിന് കാണിച്ചുനൽകി.
തുടർന്ന് എസ്ഐടി എല്ലാ സ്ഥലങ്ങളിലും വ്യാപക പരിശോധനയും തെളിവെടുപ്പും നടത്തിയെങ്കിലും, ചിന്നയ്യയുടെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളോ മൃതദേഹാവശിഷ്ടങ്ങളോ കണ്ടെത്താനായില്ല.
ഇതിൻ്റെ അടിസ്ഥാനത്തിൽ ചിന്നയ്യയുടെ വെളിപ്പെടുത്തൽ വ്യാജമാണെന്ന നിഗമനമാണ് അന്വേഷണ സംഘം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ ഇനി തുടർനടപടികൾ ബെൽത്താങ്ങടി കോടതിയുടെ പരിഗണനയ്ക്ക് ശേഷമായിരിക്കും.