ഡെലിവറി ബോയിയെ മനഃപൂർവം കാറിടിച്ച് കൊലപ്പെടുത്തിയതിന് മലയാളിയായ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും അറസ്റ്റിൽ. കെമ്പട്ടള്ളി സ്വദേശിയായ ദർശൻ (24) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഒക്ടോബർ 25നാണ് സംഭവം. മനോജ് കുമാറിനെയും (32), ജമ്മുകശ്മീർ സ്വദേശിയായ ഭാര്യ ആരതി ശർമ(30) എന്നിവരാണ് സംഭവത്തിൽ അറസ്റ്റിലായത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇവർ, സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ഏജൻറിനെ മനഃപൂർവം ഇടിച്ചുവീഴ്ത്തുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാറിടിച്ച് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റാണ് ദർശൻ മരിച്ചത്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

സംഭവദിവസം രാത്രി ദർശൻ്റെ സ്‌കൂട്ടർ ദമ്പതികൾ സഞ്ചരിച്ച കാറിലിടിച്ചിരുന്നു. തുടർന്ന് കാറിൻ വലതു വശത്തെ റിയർ വ്യൂ മീറ്ററിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. ഭക്ഷണം വിതരണം ചെയ്യാൻ പോവുകയായിരുന്ന ദർശൻ സംഭവത്തിൽ ദമ്പതികളോട് മാറ്റു പറഞ്ഞ് ബൈക്കോടിച്ച് പോയി. എന്നാൽ പ്രകോപിതനായ മനോജ് കുമാർ, സ്കൂട്ടറിനെ പിന്തുടർന്ന് പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബംഗളൂരുവിലെ നടരാജ ലേഔട്ടിൽ നിന്നുള്ള സി.സി.ടി.വി ഫൂട്ടേജുകളിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.

ഇടിയുടെ ആഘാതത്തിൽ ദർശനും പിറകിലിരുന്ന വരുണും റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദർശൻ്റെ ജീവൻ രക്ഷിക്കാനായില്ല. സ്വാഭാവിക റോഡപകട മരണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ദർശൻ്റെ സഹോദരിക്ക് മരണത്തിൽ സംശയമുണ്ടായിരുന്നു. സഹോദരി ജെ.പി.നഗർ ട്രാഫിക് പൊലീസിൽ പരാതി നൽകിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ദർശൻ്റേത് അപകടമരണമല്ല, ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.
അപകടത്തിന് മുമ്പ് ദമ്പതികൾ ബൈക്ക് യാത്രക്കാരനുമായി സംസാരിക്കുന്നത് സി.സി.ടി.വി ഫൂട്ടേജുകളിലുണ്ട്. ഇളകി വീണ കാറിൻ്റെ ഭാഗങ്ങൾ എടുക്കാനായി ദമ്പതികൾ തിരികെ എത്തിയതും സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. സഹോദരിയും അമ്മയുമടങ്ങുന്ന നിർധന കുടുംബത്തിൻ്റെ അത്താണിയായിരുന്നു ദർശൻ.

Related Posts