ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ കൽപന രാഘവേന്ദർ ആത്മഹത്യക്ക് ശ്രമിച്ചു. നിസാം പേട്ടിലെ വസതിയിൽ വെച്ചാണ് ആത്മഹത്യശ്രമം നടന്നത്. വീട് രണ്ടുദിവസമായി അടഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്.
പോലീസിൻ്റെ തുടർന്നുള്ള പരിശോധനയിലാണ് കൽപനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറക്ക ഗുളിക അമിതമായ അളവിൽ കഴിച്ചിരുന്നുവെന്നാണ് വിവരം. ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലാണ് കൽപന. ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ഗായിക കൽപന രാഘവേന്ദർ.
വ്യത്യസ്ത ആലാപന ശൈലിയിലൂടെ തൻ്റെ സ്ഥാനം ഉറപ്പിച്ച കൽപന പല റിയാലിറ്റി ഷോയിലെയും ജഡ്ജായിരുന്നു. എ.ആർ റഹ്മാൻ, ഇളയരാജ തുടങ്ങി നിരവധി പ്രശസ്ത സംഗീത സംവിധായകരുടെ കൂടെ പ്രവർത്തിച്ചിട്ടുള്ള ഗായിക മുൻ ബിഗ് ബോസ് മത്സരാർഥി കൂടിയാണ്. ഭർത്താവുമായുള്ള വിവാഹമോചനത്തെ തുടർന്ന് വിഷാദത്തിലായിരുന്നെന്നും റിപ്പോർട്ടുകൾ ഉണ്ട്. കെ.പി.എച്ച്.ബി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.