തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ കുളിത്തലൈയിൽ വിവാഹിതയായ യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിനും തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനും ആരോപണവിധേയനായ തമിഴക വെട്രി കഴകം യൂണിയൻ സെക്രട്ടറി രമേശിനെ നാട്ടുകാർ മർദിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന ആരോപണവുമായി ഡിഎംകെ എംപി കനിമൊഴി രംഗത്തെത്തി. സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
യുവതി ജോലി ചെയ്യുന്ന മെഡിക്കൽ ഷോപ്പിന് സമീപം പതിവായി എത്താറുണ്ടായിരുന്ന രമേശ് ലൈംഗിക ചുവയോടെ സംസാരിക്കുകയും യുവതിയെ വീട്ടിലേക്ക് പിന്തുടരുകയും ചെയ്തിരുന്നുവെന്നാണ് പരാതി. ശല്യം രൂക്ഷമായതോടെ കഴിഞ്ഞ രണ്ട് മാസമായി യുവതി ഭർത്താവിനൊപ്പമാണ് ജോലിക്ക് വന്നിരുന്നതെന്ന് കുടുംബം വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസം ഭർത്താവിന് ഒപ്പമെത്താൻ കഴിയാതിരുന്ന സാഹചര്യത്തിൽ രമേശ് യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ബലമായി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായാണ് ആരോപണം. യുവതി ബഹളം വെച്ചതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിയെത്തി പ്രതിയെ പിടികൂടുകയും മർദിക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് രമേശിനെ കസ്റ്റഡിയിലെടുത്തു. പ്രതിയെ രക്ഷപ്പെടുത്താനാണ് പോലീസ് ശ്രമിച്ചതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.