കർണാടക പബ്ലിക് സർവീസ് കമ്മിഷൻ (KPSC) ചെയർമാൻ ശിവശങ്കരപ്പ എസ്.സാഹൂക്കറെ ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് സസ്പെൻഡ് ചെയ്തു. രണ്ട് മക്കൾക്ക് ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിൽ നിയമനം നേടാൻ അനധികൃതമായി സഹായിച്ചെന്ന ഗുരുതര ആരോപണത്തെ തുടർന്നാണ് നടപടി.
ആരോപണങ്ങളിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 317(1) പ്രകാരം അന്വേഷണം നടത്താൻ വിഷയം രാഷ്ട്രപതിയിലൂടെ സുപ്രീം കോടതിക്ക് വിടാൻ ഗവർണർ ശുപാർശ ചെയ്തിട്ടുണ്ട്. അന്വേഷണത്തിൻ്റെ നിഷ്പക്ഷത ഉറപ്പാക്കാനാണ് സസ്പെൻഷൻ നടപടിയെന്നും രാജ്ഭവൻ വ്യക്തമാക്കി. അതുവരെ കെ.പി.എസ്.സിയുടെ മുതിർന്ന അംഗം ചെയർമാൻ്റെ ചുമതല നിർവഹിക്കും.
പരാതി പ്രകാരം, മക്കൾ കെ.പി.എസ്.സി നിയമന നടപടിയിൽ പങ്കെടുക്കുമ്പോൾ ശിവശങ്കരപ്പ സാഹൂക്കർ താൽപര്യസംഘർഷം പ്രഖ്യാപിക്കുകയോ നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്തിരുന്നില്ല. കൂടാതെ, ഒരു മകൾ കുടുംബവരുമാനം വർഷത്തിൽ 40,000 രൂപ മാത്രമാണെന്ന് കാണിച്ച് വരുമാന-ജാതി സർട്ടിഫിക്കറ്റ് നേടി ഒബിസി സംവരണവും ക്രീമി ലെയർ ഇളവും നേടിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കെ.പി.എസ്.സി ചെയർമാൻ്റെ മക്കൾക്ക് ഈ സംവരണ ആനുകൂല്യം ലഭിക്കില്ലെന്ന സർക്കാർ ഉത്തരവ് മറച്ചുവെച്ചാണ് നിയമനനേട്ടം കൈവരിച്ചതെന്നും പരാതിയിൽ പറയുന്നു.