വിമാന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനുമായി കൊണ്ടുവന്ന നിയമം നടപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടും നടപ്പാക്കാതെ കിടന്നിരുന്ന നിയമമാണ് ഇപ്പോൾ നടപ്പാക്കാൻ സർക്കാർ തയ്യാറായിരിക്കുന്നത്.

വിമാനക്കമ്പനികളെ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് അധികാരം നൽകുന്നതാണ് പുതിയ നിയമം. ഇതിനായുള്ള ചട്ടങ്ങൾ തയ്യാറാക്കിയതായും പാർലമെന്റിൻ്റെ വർഷകാല സമ്മേളനത്തിൽ അവ അവതരിപ്പിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ചട്ടങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചാലും ഇല്ലെങ്കിലും രണ്ടാഴ്ചയ്ക്കകം അവയുടെ പകർപ്പ് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. കേസ് ആഗസ്റ്റ് 3-ന് വീണ്ടും പരിഗണിക്കും.

വിമാനക്കമ്പനികളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ എസ്. ലക്ഷ്മി നാരായണൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. അമിത ടിക്കറ്റ് നിരക്ക് കാരണം നിരന്തരം ബുദ്ധിമുട്ടുന്ന മലയാളി പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഈ നടപടി വലിയ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

Related Posts