തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ഭാര്യ മറ്റൊരാളോടൊപ്പം പോയതിലുള്ള മാനസിക വിഷമത്തെത്തുടർന്ന് ലോറി ഡ്രൈവർ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായി പോലീസ്. പുതുകോട്ടൈയ്ക്ക് സമീപമുള്ള സാവേരിയർപുരത്താണ് സംഭവം.

ലോറി ഡ്രൈവറായ മേരി മൈക്കിൾ (40), മകൾ മേരി നിരോഷ (14), മകൻ മേരി കെനിസ്റ്റൺ (12) എന്നിവരാണ് മരിച്ചത്. ഒമ്പതാം ക്ലാസിലും ഏഴാം ക്ലാസിലും പഠിച്ചിരുന്ന കുട്ടികൾ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളായിരുന്നു.

ആറ് മാസം മുമ്പ് ഭാര്യ മറ്റൊരാളോടൊപ്പം പോയതിനെ തുടർന്ന് മൈക്കിൾ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ലോറി ഡ്രൈവർ ജോലി സ്ഥിരമായി ചെയ്യാതിരുന്ന ഇയാൾ ഇടയ്ക്കിടെ പെയിന്റിംഗ് ജോലികൾ ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്.

വെള്ളിയാഴ്ച രാത്രി മക്കൾക്ക് ഭക്ഷണം നൽകി ഉറങ്ങാൻ പറഞ്ഞ ശേഷം, ഇലക്ട്രിക് വയറുകൾ കുട്ടികളുടെ ശരീരത്തിൽ കെട്ടി വൈദ്യുതി പ്രവഹിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് അതേ വയർ ഉപയോഗിച്ച് മൈക്കളും ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവസമയത്ത് വീട്ടിന് പുറത്താണ് മൈക്കളിൻ്റെ 75-കാരനായ പിതാവ് ആന്റണി മുത്തു ഉറങ്ങിക്കിടന്നിരുന്നത്. ശനിയാഴ്ച ഉച്ചവരെയും മുറി തുറക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിനെ വിളിക്കുകയുമായിരുന്നു. പോലീസ് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മൂന്നുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പുതുകോട്ടൈ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts