ചൈനയിൽ ഈ വർഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ ‘ബാവി’ കിഴക്കൻ തീരപ്രദേശങ്ങളിൽ വൻ നാശനഷ്ടം വിതച്ചു. ശക്തമായ കാറ്റും കനത്ത മഴയും പ്രളയവും ജനജീവിതം സ്തംഭിപ്പിച്ചതോടെ സെജിയാങ് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് ഏകദേശം 20 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെയോടെ ചുഴലിക്കാറ്റിൻ്റെ തീവ്രത കുറഞ്ഞ് ട്രോപ്പിക്കൽ കൊടുങ്കാറ്റായി മാറിയെങ്കിലും, കിഴക്കൻ-വടക്കൻ ചൈനയിൽ വ്യാപക പ്രളയസാധ്യത തുടരുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സെജിയാങിലെ യുഹുവാനും വെൻഷൗവിലെ യുക്വിംഗുമാണ് ബാവി കരതൊട്ട പ്രധാന മേഖലകൾ.
തീരദേശ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും വീടുകളുടെ മേൽക്കൂരകൾ തകരുകയും ചെയ്തതോടെ വ്യാപക നാശനഷ്ടമുണ്ടായി. മലയോര മേഖലകളിൽ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. തായ്വാനിലും ചുഴലിക്കാറ്റ് കനത്ത മഴയും നാശനഷ്ടവും വിതച്ചു. വടക്കൻ തായ്വാനിൽ 80 സെന്റിമീറ്ററോളം മഴ ലഭിച്ചതായും വിവിധ അപകടങ്ങളിൽ 134 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ചുഴലിക്കാറ്റിനെ തുടർന്ന് ചൈനയിലെ ഗതാഗത സംവിധാനവും താറുമാറായി. ഹാങ്ഷൗവിൽ ട്രെയിൻ സർവീസുകൾ നിർത്തിവെക്കുകയും 327 വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുകയാണ്.