ബിഎംടിസി ബസിൽ രഹസ്യ പരിശോധനയ്ക്കിടെ കർണാടക ഗതാഗതമന്ത്രി ബൈരാതി സുരേഷിന് അപ്രതീക്ഷിത അനുഭവം. ചില്ലറയില്ലെന്ന് പറഞ്ഞ മന്ത്രിയോട് ബസിൽ നിന്ന് ഇറങ്ങിപ്പോകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. മാസ്ക് ധരിച്ചെത്തിയ മന്ത്രിയെ തിരിച്ചറിയാതിരുന്നതിനാലാണ് ഈ രസകരമായ സംഭവം നടന്നത്.

ശനിയാഴ്ച രാത്രി നഗരത്തിലെ ബസ് സർവീസുകൾ നേരിട്ട് വിലയിരുത്തുന്നതിനായി മന്ത്രി സാധാരണ യാത്രക്കാരനായി വിവിധ ബിഎംടിസി ബസുകളിൽ യാത്ര ചെയ്തു. ഹെബ്ബാളിൽ നിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റിനായി 100 രൂപ നൽകിയപ്പോഴാണ് സംഭവം. ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറോട് തൻ്റെ കൈയിൽ ചില്ലറയില്ലെന്ന് മന്ത്രി അറിയിച്ചു. ഇതോടെ തൻ്റെ പക്കലും ചില്ലറയില്ലെന്ന് പറഞ്ഞ കണ്ടക്ടർ ബാഗ് തുറന്ന് കാണിക്കുകയും, ചില്ലറ നൽകാൻ കഴിയില്ലെങ്കിൽ ബസിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒന്നും പറയാതെ മന്ത്രി ബസിൽ നിന്ന് ഇറങ്ങുകയായിരുന്നു.

വൈകിട്ട് ഏഴ് മുതൽ രാത്രി ഒൻപത് വരെ ജയമഹൽ, ആർ.ടി. നഗർ, ഹെബ്ബാൾ, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ, ഹെന്നൂർ ബണ്ടെ, ബൈരാതി ബണ്ടെ, ഗഡ്ഡലഹള്ളി തുടങ്ങിയ മേഖലകളിലൂടെയാണ് മന്ത്രി ബസുകളിൽ യാത്ര ചെയ്ത് സർവീസുകൾ വിലയിരുത്തിയത്. യാത്രക്കാർക്കും ജീവനക്കാർക്കും നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുക എന്നതായിരുന്നു പരിശോധനയുടെ ലക്ഷ്യം.

ബസ് യാത്രയ്ക്ക് പുറമെ ഓട്ടോറിക്ഷയിലും മന്ത്രി യാത്ര നടത്തി. നാഗഷെട്ടിഹള്ളിയിലേക്കുള്ള യാത്രയ്ക്കിടെ മീറ്ററിൽ 30 രൂപ രേഖപ്പെടുത്തിയിട്ടും 36 രൂപ ആവശ്യപ്പെട്ട ഓട്ടോ ഡ്രൈവറോട് മന്ത്രി കാരണം ചോദിച്ചു. മീറ്ററിന് തകരാറുണ്ടെന്നായിരുന്നു ഡ്രൈവറുടെ വിശദീകരണം. തുടർന്ന് 40 രൂപ നൽകി മന്ത്രി യാത്ര അവസാനിപ്പിച്ചു.

മന്ത്രി തന്നെയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞ കണ്ടക്ടർ അമ്പരന്നതായാണ് റിപ്പോർട്ടുകൾ. സംഭവം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്.

Related Posts