തനിക്കോ മറ്റ് അമേരിക്കൻ ഭരണകർത്താക്കൾക്കോ എതിരെ ഇറാൻ ഏതെങ്കിലും തരത്തിലുള്ള വധശ്രമത്തിനോ ആക്രമണത്തിനോ മുതിർന്നാൽ അതിശക്തമായ സൈനിക തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അത്തരമൊരു സാഹചര്യം ഉണ്ടായാൽ ഇറാനിലെ സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമാക്കി 1000 മിസൈലുകൾ പ്രയോഗിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ഇറാൻ്റെ ഭാഗത്തുനിന്ന് ഏതെങ്കിലും ആക്രമണമുണ്ടായാൽ ഉടൻ തിരിച്ചടിക്കാൻ ആവശ്യമായ മിസൈലുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും, അതിനുപുറമെ ആയിരക്കണക്കിന് മിസൈലുകൾ കൂടി തയ്യാറാണെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന ഏതൊരു നീക്കവും ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൻ്റെ ജീവന് ഇറാനിൽ നിന്ന് ഭീഷണിയുണ്ടെന്ന അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിൻ്റെ ഈ കടുത്ത പ്രതികരണം. അമേരിക്കൻ നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായാൽ അതിന് ശക്തമായ മറുപടി നൽകാൻ യു.എസ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിൻ്റെ പ്രസ്താവനയോടെ അമേരിക്ക–ഇറാൻ ബന്ധത്തിൽ വീണ്ടും സംഘർഷാവസ്ഥ ശക്തമാകുമെന്ന വിലയിരുത്തലാണ് ഉയരുന്നത്. സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ ട്രംപിനും മറ്റ് പ്രമുഖ അമേരിക്കൻ നേതാക്കൾക്കും യു.എസ്. സീക്രട്ട് സർവീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.