തൻ്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടല്ല ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചതെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ തടയാൻ അടിയന്തര ഇടപെടൽ തേടാനാണ് വിളിച്ചതെന്നും നടി അൻസിബ ഹസൻ വ്യക്തമാക്കി. സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അൻസിബ രംഗത്തെത്തിയത്.

ആഭ്യന്തരമന്ത്രി പൊലീസിനോട് വിവരങ്ങൾ തേടിയപ്പോൾ കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി തെറ്റായ വിവരം നൽകിയെന്നാണ് അൻസിബയുടെ ആരോപണം. എന്നാൽ പിന്നീട് വിവാദ വീഡിയോ യൂട്യൂബിലൂടെ പ്രചരിച്ചപ്പോഴാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന യാഥാർഥ്യം മനസ്സിലായതെന്നും അവർ പറഞ്ഞു.

പരാതിയിൽ നിയമനടപടി സ്വീകരിക്കുന്നതിന് പകരം താൻ താമസിച്ചിരുന്ന ഹോട്ടൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികൾക്ക് അനുകൂലമായ തെളിവുകൾ കണ്ടെത്താനാണ് പൊലീസ് ശ്രമിച്ചതെന്നും അൻസിബ ആരോപിച്ചു. പിന്നീട് ഇത് വെറും മാനനഷ്ടക്കേസായി ചുരുക്കി പരാതി തള്ളാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ പറഞ്ഞു.

നിയമപരമായ സംരക്ഷണവും നീതിയും തനിക്കും അവകാശപ്പെട്ടതാണെന്നും, നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും അൻസിബ വ്യക്തമാക്കി.

Related Posts