നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഓൾഡ് എയർപോർട്ട് റോഡിലെ വിൻഡ് ടണൽ അണ്ടർപാസ് പദ്ധതി വേഗത്തിലാക്കാൻ നിർദേശം നൽകി ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ. അടുത്ത മൂന്ന് മാസത്തിനകം ബാക്കി വരുന്ന 25 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പദ്ധതി ജനങ്ങൾക്ക് സമർപ്പിക്കാനാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. വർഷങ്ങളായി ഈ മേഖലയിലെ യാത്രക്കാർ കാത്തിരിക്കുന്ന പദ്ധതികളിലൊന്നാണ് വിൻഡ് ടണൽ അണ്ടർപാസ്.

യുആർ റാവു സാറ്റലൈറ്റ് സെന്ററിന് സമീപത്തെ നിർമാണ സ്ഥലം സന്ദർശിച്ച മന്ത്രി, 19 കോടി രൂപ ചെലവഴിക്കുന്ന പദ്ധതിയുടെ വേഗം കൂട്ടാൻ കൂടുതൽ തൊഴിലാളികളെയും യന്ത്രസാമഗ്രികളെയും വിന്യസിക്കാൻ കരാറുകാരന് നിർദേശം നൽകി. ഓൾഡ് എയർപോർട്ട് റോഡിനെയും വൈറ്റ്ഫീൽഡ് ഭാഗത്തെയും ബന്ധിപ്പിക്കുന്ന സിഗ്നൽ രഹിത ഗതാഗത ഇടനാഴിയുടെ ഭാഗമായാണ് അണ്ടർപാസ് നിർമിക്കുന്നത്. പദ്ധതി പൂർത്തിയായാൽ എച്ച്എഎൽ, മാറത്തഹള്ളി, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുകയും മുരുകേശ് പാള്യയ്ക്ക് സമീപത്തെ വിൻഡ് ടണൽ ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുകയും ചെയ്യും.

Related Posts