ഈ വർഷം മുതൽ ശബരിമലയിൽ സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ അറിയിച്ചു. തീർഥാടകർക്ക് കൂടുതൽ സൗകര്യപ്രദവും സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നടപടികൾ. സന്നിധാനത്തെ 690 മുറികളിൽ മുൻപ് 190 എണ്ണം മാത്രമാണ് ഓൺലൈൻ വഴി അനുവദിച്ചിരുന്നത്. ഇനി വിശദമായ കണക്കെടുപ്പിന് ശേഷം 550 മുറികൾ ഓൺലൈൻ ബുക്കിങ്ങിനായി ലഭ്യമാക്കും. ഭാവിയിൽ എല്ലാ മുറികൾക്കും ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കുമെന്നും അറിയിച്ചു.

മുറി ബുക്ക് ചെയ്യുന്നതിനുള്ള ഡെപ്പോസിറ്റ് തുക ഒഴിവാക്കിയിട്ടുണ്ട്. പകരം മുറിവാടക മുൻകൂറായി അടച്ച് 50 രൂപ സർവീസ് ചാർജ് നൽകി ബുക്കിംഗ് നടത്താം. നിലവിൽ ഹൗസ് കീപ്പിംഗ് സംവിധാനം പര്യാപ്തമല്ലാത്തതിനാൽ ഈ സീസൺ മുതൽ അത് ഔട്ട്‌സോഴ്‌സ് ചെയ്യാനും തീരുമാനമായി. ശബരി ഗസ്റ്റ് ഹൗസിലെ നിലവിലെ 56 മുറികൾക്ക് പുറമെ ഹൈപവർ കമ്മിറ്റിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെ 60 പുതിയ മുറികൾ കൂടി നിർമിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

നവംബർ 1 മുതൽ 90 ദിവസത്തേക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എ.ഐ ക്യാമറകൾ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളോടെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. അതേസമയം, അയ്യപ്പന് പ്രത്യേക പ്രചാരണത്തിൻ്റെ ആവശ്യമില്ലെന്നും ഇനി അയ്യപ്പ സംഗമം സംഘടിപ്പിക്കില്ലെന്നും കെ. ജയകുമാർ വ്യക്തമാക്കി.

Related Posts